education and income ,status
നമ്മുടെ
കുട്ടികളെ എങ്ങനെയാണ് ഡിഗ്രികളിൽ നിന്നും മോചിപ്പിക്കുന്നത് ?
ഐ ഐ ടി യിൽ
നിന്നും പി എച്ച് ഡി യും എടുത്ത് അന്താരാഷ്ട്ര ഓയിൽ കമ്പനിയിൽ ജോലിക്ക്
ചെന്നപ്പോഴാണ് എനിക്ക് ഒരു കാര്യം വ്യക്തമായത്. ഞാൻ ഈ പി എച്ച് ഡി എടുത്തതൊക്കെ
ചുമ്മാ. എന്റെ കൂടെ ജോലി ചെയ്യുന്നവർക്കും, എന്റെ ജോലി ഇതിന് മുൻപ് ചെയ്തവർക്കും, എൻ്റെ ബോസിനും, എന്തിന് എൻ്റെ മാനേജിങ്ങ് ഡയറക്ടർക്ക് പോലും പി എച്ച് ഡി
പോയിട്ട് മാസ്റ്റേഴ്സ് പോലും ഇല്ല. ഈ പണി ഒന്നും ചെയ്യാൻ എടുത്താൽ പൊങ്ങാത്ത ഈ
ബിരുദത്തിന്റെ ഒന്നും ആവശ്യമില്ലായിരുന്നു. ഇപ്പോൾ യു എന്നിലെ സ്ഥിതിയും
വ്യത്യസ്തമല്ല.
കഴിഞ്ഞ
നൂറ്റാണ്ടിൽ ആണ് ആളുകൾക്ക് ഈ ഡിഗ്രിയോടുള്ള ആർത്തി വന്നത്. ഒരു ഡിഗ്രി കയ്യിൽ
ഉണ്ടെങ്കിൽ ജീവിതകാലം മുഴുവൻ തൊഴിൽ ജീവിതത്തിന് ഗുണം ഉണ്ടാകുമെന്നും ഡിഗ്രി ഉള്ളവർക്ക് ഡിഗ്രി ഇല്ലാത്തവരേക്കാൾ
അവരുടെ ജീവിതകാലത്ത് വലിയ വരുമാനമാറ്റം ഉണ്ടാകും എന്ന കാരണത്താൽ ആണ് കൂടുതൽ ആളുകൾ
ഡിഗ്രി ചെയ്യാനായി പോയത്.
അമേരിക്കയിൽ
യൂണിവേഴ്സിറ്റികളുടെ എണ്ണം കൂടിയില്ല, വിദ്യാഭ്യാസത്തിന്റെ ചിലവ് ഏറെ കൂടുകയും ചെയ്തു. അച്ഛനമ്മമാർ കുട്ടികളുടെ
വിദ്യാഭ്യാസച്ചിലവ് വഹിക്കുന്നത് അത്ര സാധാരണം അല്ലാത്തതിനാൽ പതിനായിരക്കണക്കിന്
ഡോളർ കടവും ആയിട്ടാണ് ശരാശരി അമേരിക്കൻ വിദ്യാർത്ഥി ഡിഗ്രിയും ആയിട്ടിറങ്ങുന്നത്.
എന്നാൽ ഈ ഡിഗ്രി കൊണ്ടുണ്ടായിരുന്ന വേതന വർദ്ധന
പഴയതു പോലെ ഇപ്പോൾ ഇല്ലെന്നും, ഡിഗ്രിയുടെ
ചിലവും ഡിഗ്രി എടുക്കാൻ പോകുന്ന സമയത്ത് ഉണ്ടാക്കാമായിരുന്ന വരുമാനവും ഒക്കെ
കൂട്ടുമ്പോൾ ഡിഗ്രി നഷ്ടക്കച്ചവടം ആയേക്കാം എന്നൊക്കയാണ് പുതിയ കണക്കുകൾ പറയുന്നത്.
പോരാത്തതിന് തൊഴിലുകൾ അതിവേഗം മാറുന്ന കാലത്ത് ഒരു അടിസ്ഥാന ഡിഗ്രിയും ആയി
ആയുഷ്ക്കാലം ജീവിക്കാൻ പറ്റില്ല എന്നും എന്തെങ്കിലും സ്കിൽ പഠിച്ച് ഏറ്റവും
വേഗത്തിൽ തൊഴിൽ കമ്പോളത്തിൽ എത്തുന്നതാണ് ബുദ്ധി എന്നും ആണ് ഏറ്റവും പുതിയ ചിന്ത.
പത്തോ പതിനഞ്ചോ കൊല്ലം കഴിയുമ്പോൾ വീണ്ടും പഠിക്കുക, വീണ്ടും തൊഴിൽ കമ്പോളത്തിലേക്ക്, അതായിരിക്കും ഇനിയുള്ള ലോകം.
ഇത്തരം
ചിന്തയൊന്നും തൽക്കാലം കേരളത്തിൽ എത്തിയിട്ടില്ല. പറ്റുന്നവർ എല്ലാം ഇപ്പോഴും
ഡിഗ്രിയുടെ പുറകേ പായുകയാണ്. ഒരു ഡിഗ്രി കഴിഞ്ഞിട്ടും തൊഴിൽ കിട്ടുന്നില്ലെങ്കിൽ
ബിരുദാനന്തര ബിരുദം, എന്നിട്ടും തൊഴിൽ
കിട്ടിയില്ലെങ്കിൽ പി എച്ച് ഡി. അതേ സമയം ഡിഗ്രി ഉള്ളവർക്ക് ചെയ്യാനുള്ള ജോലി
പോലും ഇവിടെ ഉണ്ടാകുന്നില്ല. ഒരു ഡിഗ്രിയും ഇല്ലാതെ ചെയ്യാൻ പറ്റുന്ന തൂപ്പു പണി
മുതൽ പോലീസ് ജോലി വരെ, ബാങ്ക് പണി മുതൽ
സർക്കാരിലെ ക്ലെർക്ക് പണി വരെ, ഉള്ള ജോലികൾക്ക് ബിരുദാനന്തര ബിരുദം ഉള്ളവർ
മത്സരിക്കുന്നു.
കേരളത്തിലെ
പ്രത്യേക സാഹചര്യത്തിൽ ഇത് മാത്രമല്ല പ്രശ്നം. കുട്ടികളുടെ വിദ്യാഭ്യാസ ചിലവ്
മാതാപിതാക്കൾ ആണ് ഇപ്പോഴും വഹിക്കുന്നത്, അതവരുടെ ഉത്തരവാദിത്തം ആണെന്ന് കുട്ടികൾ ചിന്തിക്കുന്നു. അതുകൊണ്ട് കുട്ടികൾ
പഠനം കഴിയുമ്പോൾ കടക്കെണിയിൽ ആകുന്നത് മാതാപിതാക്കൾ ആണ്. മറ്റു രാജ്യങ്ങളിൽ കട
ബാധ്യത കുട്ടികളുടെ മുകളിൽ വരികയും അത് വരാതിരിക്കാൻ കുട്ടികൾ ഡിഗ്രിക്ക് പോകാതെ
മറ്റെന്തെങ്കിലും തൊഴിൽ പഠിച്ച് അതിനു പോവുകയോ അല്ലെങ്കിൽ ഡിഗ്രിക്കൊപ്പം തൊഴിൽ
ചെയ്യുകയോ ഒക്കെ ചെയ്യുമ്പോൾ നമ്മുടെ കുട്ടികൾ ഒരു ഉത്തരവാദിത്തബോധവും ഇല്ലാതെ ഒരു
പ്രയോജനവും ഇല്ലാത്ത ഡിഗ്രികൾക്ക് വേണ്ടി സമയം കളയുകയാണ്.
തീർന്നില്ല
പ്രശ്നം. മുടി വെട്ട് മുതൽ കുളം നന്നാക്കുന്നത് വരെ, ഹോട്ടലിലെ ജോലി മുതൽ പുല്ലു വെട്ടുന്നത് വരെ ലക്ഷക്കണക്കിന്
ജോലികൾ കേരളത്തിൽ ഇപ്പോൾ ഉണ്ട്. അതിനോരോന്നിനും മാസം പതിനയ്യായിരം രൂപയുടെ മുകളിൽ
വരുമാനവും ഉണ്ട്.എൻജിനീയറിങ് കഴിഞ്ഞാൽ പി എസ് സി പരീക്ഷയുടെ കോച്ചിങ്ങിനു പോകാനോ
അയ്യായിരം രൂപക്ക് കോൺട്രാക്ട് ജോലിക്ക് പോകാനോ ആയിരക്കണക്കിന് കുട്ടികൾ
തയ്യാറാകുന്നു. പക്ഷെ പക്ഷെ
അച്ഛന്റെയും അമ്മയുടേയും ചിലവിൽ ഡിഗ്രി കഴിഞ്ഞിറങ്ങുന്ന നമ്മുടെ കുട്ടികൾ സ്കിൽ
വേണ്ട പണി ഒന്നും ചെയ്യില്ല. ഇത്തരം ഒരു
ജോലിയും ചെയ്യാനുള്ള സ്കിൽ ആർജിക്കാൻ അവർക്ക് താല്പര്യം ഇല്ല.
ഇതൊരു വലിയ
സാമൂഹ്യ പ്രശ്നം ആണ്. നമ്മുടെ കുട്ടികളെ നാം ഈ ഡിഗ്രിയുടെ നീരാളിപ്പിടുത്തത്തിൽ
നിന്നും മോചിപ്പിച്ചേ പറ്റൂ. ലോകത്തെങ്ങും ഡിഗ്രിയുടെ ആവശ്യവും പ്രസക്തിയും
നഷ്ടപ്പെടുകയാണ്. എന്തെങ്കിലും തൊഴിൽ പഠിച്ച് ഏറ്റവും വേഗം തൊഴിൽ കമ്പോളത്തിൽ
എത്തുക എന്നതാണ് ശരിയായ കരിയർ മാനേജ്‌മെന്റ്. ബാക്കിയുള്ള പഠനം അവിടെ നിന്നാകാം.
ഇതിന് നാലുകാര്യങ്ങൾ നമ്മൾ ചെയ്തേ പറ്റൂ.
1. പതിനെട്ട്
വയസ്സിന് ശേഷം ഉള്ള പഠനത്തിന്റെ ചിലവ്
കുട്ടികൾ വഹിക്കണം എന്ന ഒരു ചിന്താഗതി കൊണ്ട് വരണം.
2. ഡിഗ്രി വേണ്ടാത്ത
തൊഴിലുകൾക്ക് അപേക്ഷയുടെ അടിസ്ഥാന യോഗ്യത ഡിഗ്രി ആക്കുന്നത് നിറുത്തണം. പറ്റിയാൽ
സാങ്കേതിക യോഗ്യതകൾ തീരുമാനിക്കണം.
3. നമ്മുടെ ചുറ്റും
ഇപ്പോൾ അതിഥി തൊഴിലാളികൾ ചെയ്യുന്ന അനവധി തൊഴിലുകൾ നമ്മുടെ കുട്ടികൾക്കും ചെയ്യാൻ
കുട്ടികളേയും തൊഴിൽ ദാതാക്കളേയും പ്രോത്സാഹിപ്പിക്കുന്ന തൊഴിൽ നിയമങ്ങളും
സൗകര്യങ്ങളും കൊണ്ട് വരണം.
4. ഡിഗ്രിയും,
ജോലിയും, കല്യാണവും ഒക്കെ തമ്മിലുള്ള പരസ്പര ബന്ധം മാറ്റി എടുക്കണം.
ലോകം മാറുകയാണ്,
നമ്മളും മാറിയേ പറ്റൂ..
Comments
Post a Comment